Header Ads Widget

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍




ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് കേരളം. കേരളം പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വര്‍ഗമാണ്. 2006ല്‍ 85 ലക്ഷം വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. ഇത് മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച്‌ 23.68% വര്‍ദ്ധന കാണിച്ചിരുന്നു. വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്ബന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കടല്‍ത്തീരങ്ങളായ കോവളം, വര്‍ക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കല്‍, മുഴപ്പലിങ്ങാട് തുടങ്ങിയവയും അഷ്ടമുടിക്കായല്‍, കുമരകം, പാതിരാമണല്‍ തുടങ്ങിയ കായലുകളും നെയ്യാര്‍,മൂന്നാര്‍, നെല്ലിയാമ്ബതി, ദേവികുളം,പൊന്‍‌മുടി,വയനാട്‌,പൈതല്‍ മല, വാഗമണ്‍ തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും വന്യജീവിസം‌രക്ഷണ കേന്ദ്രങ്ങളായപെരിയാര്‍ കടുവ സംരക്ഷിത പ്രദേശം,ഇരവികുളം ദേശീയോദ്യാനം എന്നിവയും ഉള്‍പ്പെടുന്നു. 137 വര്‍ഷം പഴക്കമുള്ള പുരാതനമായ ഒരു കടല്‍പാലം ബീച്ചിലുണ്ട്. സമീപമുള്ള വിജയ ബീച്ച്‌ പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകരും. ബീച്ചിലെ പഴക്കം ചെന്ന ലൈറ്റ് ഹൗസും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഹൗസ്‌ബോട്ട് സഞ്ചാരമാണ് ആലപ്പുഴ പകരുന്ന മറ്റൊരു ഹൃദ്യാനുഭവം. പഴയ കെട്ടുവള്ളങ്ങളാണ് പരിഷ്‌കരിച്ച്‌ ഹൗസ് ബോട്ടുകളാക്കി മാറ്റിയിരിക്കുന്നത്. ടണ്‍ കണക്കിന് അരിയും സുഗന്ധദ്രവ്യങ്ങളും മറ്റും ദൂരെയുള്ള കമ്ബോളങ്ങളിലെത്തിക്കാനാണ് മുന്‍പ് വലിയ കെട്ടുവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നത്. മരപ്പലകകള്‍ കയറുപയോഗിച്ച്‌ വരിഞ്ഞു കെട്ടി നിര്‍മ്മിക്കുന്നതിനാലാണ് കെട്ടു വള്ളങ്ങള്‍ക്ക് ആ പേരു ലഭിച്ചത്.ആധുനിക കാലത്തെ ഹൗസ്‌ബോട്ടുകള്‍ ഒരാഡംബര ഹോട്ടലിലെ എല്ലാ സൗകര്യങ്ങളുമുള്ളവയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത കിടപ്പുമുറികള്‍, ആധുനിക ടോയ്‌ലറ്റ്, സ്വീകരണമുറി, അടുക്കള, ബാല്‍ക്കണി തുടങ്ങിയവയെല്ലാം ഹൗസ്‌ബോട്ടിലുണ്ട്.
ബേക്കല്‍
കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും മാത്രമല്ല ദൈവങ്ങളുടെ കൂടി നാടാണിതെന്ന് പറയാറുണ്ട്. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമെന്ന നിലയില്‍ ബേക്കല്‍ കോട്ടയുടെ സാന്നിദ്ധ്യം കാസര്‍കോടിനെ ശ്രദ്ധേയമാക്കുന്നു. കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച്‌ ബേക്കല്‍ ഫോര്‍ട്ട് ബീച്ച്‌ എന്നാണറിയപ്പെടുന്നത്. ഈ പ്രദേശത്തിന്റെ വികസനത്തിനായി ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.
ബീച്ച്‌ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ രണ്ട് തെയ്യങ്ങളുടെ ചെങ്കല്‍ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. സമീപത്ത് ഒരു ഭിത്തിയില്‍ നിലമ്ബൂരില്‍ നിന്നുള്ള കലാകാരന്മാര്‍ പരമ്ബരാഗത രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഒരു റോക്ക് ഗാര്‍ഡന്‍ പാര്‍ക്കിംഗ് ഏരിയയ്ക്കു സമീപത്തായി സജ്ജീകരിച്ചിരിക്കുന്നു. സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ നട്ടു പിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങള്‍ സദാ തണല്‍ നല്‍കുന്നു. പാര്‍ക്കിംഗ് സൗകര്യം : ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കൗണ്‍സില്‍ 7000 ചതുരശ്ര മീറ്റര്‍ സ്ഥലം വാഹന പാര്‍ക്കിംഗിനായി തയ്യാറാക്കിയിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചി
ഈ ചരിത്രഭൂമിക നന്നായി മനസ്സിലാക്കാന്‍ കാല്‍നടയായി സഞ്ചരിക്കുകയാണുത്തമം. അലസമായി പരുത്തി വസ്ത്രം ധരിച്ച്‌, മൃദുവായ ഷൂസുമണിച്ച്‌, തലയില്‍ ഒരു തൊപ്പി കൂടി വച്ചാല്‍ പൂര്‍ണ്ണമായി. കടല്‍ കാറ്റാസ്വദിച്ച്‌ ഒരു നടത്തം. ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും കാണും ചരിത്രത്തില്‍ ഒരിടം. നിങ്ങള്‍ക്ക് ഭൂത കാലത്തിന്റെ ഗന്ധം ശ്വസിക്കാന്‍ കഴിവുണ്ടെങ്കില്‍ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകളിലൂടെ നടക്കാതിരിക്കാനാവില്ല.
കെ. ജെ. മാര്‍ഷല്‍ റോഡിലൂടെ ഇടത്തോട്ടു നടന്നാല്‍ ഇമ്മാനുവല്‍ കോട്ട കാണാം. കൊച്ചി മഹാരാജാവും പോര്‍ട്ടുഗീസുകാരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സ്മാരകമായ ഈ കോട്ട മുന്‍പ് പോര്‍ട്ടുഗീസുകാരുടെ സ്വന്തമായിരുന്നു. 1503-ല്‍ പണികഴിപ്പിച്ച ഇമ്മാനുവല്‍ കോട്ട 1538 ല്‍ പുതുക്കി. അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ ഡച്ചു സെമിത്തേരിയായി. കാണാം. 1724 മുതല്‍ ഉപയോഗിക്കുന്ന ഈ സെമിത്തേരി CSI സഭയുടെ കൈവശമാണിന്നുള്ളത്. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാന്‍ ജന്മനാട് വിട്ടിറങ്ങിയ യൂറോപ്യന്‍മാരെയാണ് ഇവിടുത്തെ പഴയകാലസ്മാരകശിലകള്‍ ഓര്‍മ്മിപ്പിക്കുന്നത്. കൊളോണിയല്‍ കാലത്തിന്റെ സമൂര്‍ത്ത പ്രതീകമായി താക്കൂര്‍ ഹൗസ് നില്‍ക്കുന്നു. കുനല്‍ എന്നും ഹില്‍ ബംഗ്ലാവ് എന്നും അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജര്‍മാരാണ് താമസിച്ചിരുന്നത്. പ്രമുഖ തേയില വ്യാപാരികളായ താക്കൂര്‍ ആന്റ് കമ്ബനിയുടെ കൈവശമാണ് ഈ കെട്ടിടമിപ്പോള്‍.
അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ കൊളോണിയല്‍ കാലത്തെ മറ്റൊരു മന്ദിരം നിങ്ങളെ കാത്തു നില്‍ക്കുന്ന - ഡേവിഡ് ഹാള്‍. 1695-ല്‍ ഡച്ച്‌ ഈസ്റ്റ് ഇന്ത്യാ കമ്ബനി ആണിത് നിര്‍മ്മിച്ചത്. ഡച്ച്‌ കമാന്‍ഡറായ ഹെന്‍ട്രിക് ആന്‍ട്രിയന്‍ വാന്‍ റീഡ് ടോട് ട്രാകെസ്റ്റണുമായി ബന്ധപ്പെട്ടതാണ് ഈ കെട്ടിടം. ട്രാകെസ്റ്റണ്‍ പക്ഷെ ഏറെ പ്രശസ്തനായത് കേരളത്തിലെ സസ്യലതാദികളെക്കുറിച്ചുള്ള തന്റെ ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പേരിലാണ്. പിന്നീട് ഈ കെട്ടിടം സ്വന്തമാക്കിയ ഡേവിഡ് കോഡറിന്റെ പേരിലാണ് ഡേവിഡ് ഹാള്‍ ഇന്നറിയപ്പെടുന്നത്. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും സൈനിക പരേഡുകള്‍ നടത്തിയ പരേഡ് ഗ്രൗണ്ടാണ് അടുത്തത്.
അതു കഴിഞ്ഞാല്‍ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്‌. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ ചര്‍ച്ചാണിത്. 1503-ല്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം പിന്നീട് ഒട്ടേറെ മാറ്റങ്ങള്‍ക്ക്് വിധേയമായി. ഇന്ന് CSI സഭയുടെ കൈവശമാണ് പള്ളി. വാസ്‌കോഡഗാമയെ ആദ്യം അടക്കം ചെയ്തത് ഇവിടെയാണ്. അന്നത്തെ സ്മാരകശില ഇന്നും കാണാം. അറബിക്കടലില്‍ നിന്നുള്ള കടല്‍കാറ്റു നിറയുന്ന ചര്‍ച്ച്‌ റോഡിലൂടെ സായന്തനങ്ങളില്‍ നടന്നു പോവുന്നത് എത്ര ഉന്‍മേഷദായകമായ അനുഭവമാണ്. ഈ നടത്തത്തിനിടയില്‍ കടലിനടുത്തായി നമുക്ക് കൊച്ചിന്‍ ക്ലബ് കാണാം. നല്ല ഒരു ലൈബ്രറിയും ചുറ്റും പൂന്തോട്ടവുമുള്ള ക്ലബ് ഇന്നും ഒരു ബ്രിട്ടീഷ് അന്തരീക്ഷം നിലനിര്‍ത്തുന്നത് കൗതുകകരമാണ്. ചര്‍ച്ച്‌ റോഡിലാണ് ബാസ്റ്റിയന്‍ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നത്. 1667-ല്‍ നിര്‍മ്മിച്ച ഈ കൂറ്റന്‍ മന്ദിരം ഇന്തോ-യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ മകുടോദാഹരണമാണ്. ഇപ്പോള്‍ സബ് കളക്ടറുടെ ഔദ്യോഗിക വസതിയാണിത്. വാസ്‌കോഡഗാമ സ്‌ക്വയറും സമീപത്തു തന്നെയാണ്. ഇവിടെ വീതികുറഞ്ഞ നടപ്പാതയിലൂടെ അലസമായി നടക്കാം. വ്യത്യസ്തതരം മത്സ്യവിഭവങ്ങളും ഇളനീരും മറ്റും കിട്ടുന്ന ചെറുകടകള്‍ ഇവിടെയുണ്ട്. ഇടയ്ക്കിടെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ചീനവലകളും കാണാം.
കോവളം
കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകള്‍ ഇവിടെയുണ്ട്. 1930-കള്‍ മുതല്‍ യൂറോപ്യന്‍മാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടല്‍ത്തീരത്ത് പാറക്കെട്ടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അവയ്ക്കിടയില്‍ മനോഹരമായ ഒരു ഉള്‍ക്കടല്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാല്‍ കടല്‍ സ്‌നാനത്തിന് പറ്റിയ വിധം കടല്‍ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങള്‍ കോവളത്ത് ഒത്തു ചേരുന്നു.
സൂര്യസ്‌നാനം, നീന്തല്‍, ആയുര്‍വേദ മസാജിങ്ങ്, കലാപരിപാടികള്‍ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച്‌ സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ സൗകര്യങ്ങള്‍, നീന്തല്‍ കുളങ്ങള്‍, യോഗാപരിശീലന സ്ഥലങ്ങള്‍, ആയുര്‍വേദ മസാജ് കേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബീച്ചിനോടനുബന്ധിച്ച്‌ ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച്‌ കോവളത്തിന്റെ ഭംഗിനുകരാം.
തിരുവനന്തപുരം നഗരത്തിനും പരിസരത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. നേപ്പിയര്‍ മ്യൂസിയം, ശ്രീ ചിത്ര ആര്‍ട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊന്‍മുടി എന്നിവ ഇതില്‍ ചിലതു മാത്രം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്. എം. എസ്. എം. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് കേരള തനിമയുള്ള കൗതുക വസ്തുക്കള്‍ വാങ്ങാനും കഴിയും. സന്ദര്‍ശനത്തിന് ഉചിതമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ. സ്ഥാനം : തിരുവനന്തപുരത്തു നിന്ന് 16 കി.മി വരെ. യാത്രാ സൗകര്യം.
കുമരകം
ഒരു കൂട്ടം ചെറു ദ്വീപുകളുടെ കൂട്ടമായ കുമരകത്ത് 14 ഏക്കറിലായി പരന്നു കിടക്കുന്ന ഒരു പക്ഷിസങ്കേതമുണ്ട്. ദേശാടനക്കിളികളുടെ പ്രിയതാവളമായ ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസ തന്നെയാണ്. കൊറ്റികള്‍, പൊന്മാനുകള്‍, ഞാറ, കുയില്‍, ഇരണ്ട, കുളക്കോഴി, താറാവ് തുടങ്ങിയവയ്‌ക്കൊപ്പം ദേശാടനപക്ഷികളായ സൈബീരിയന്‍ കൊറ്റികളും കൂട്ടങ്ങളായി കുമരകത്ത് തമ്ബടിച്ചിരിക്കുന്നു. പക്ഷി നിരീക്ഷണത്തിന് ഏറ്റവും ഉചിതമായത് ഒരു ബോട്ട് സഞ്ചാരമാണ്.
കുമരകത്തെ ഉല്ലാസ സാധ്യതകള്‍ ഇവിടെ തിരുന്നില്ല. ഒരു പഴയ കാല ബംഗ്ലാവ് സഞ്ചാരികള്‍ക്കു വേണ്ടി റിസോര്‍ട്ടാക്കി പരിവര്‍ത്തനം ചെയ്തു. ടാജ് ഗാര്‍ഡന്‍ റിട്രീറ്റില്‍ ബോട്ടിംഗിനും ചൂണ്ടയിടലിനുമൊക്കെ സൗകര്യമുണ്ട്.
കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വാട്ടര്‍സ്‌കേപ്‌സില്‍ തെങ്ങിന്‍ തോ്പ്പുകളുടെ ഇടയിലുള്ള കോട്ടേജുകളാണുള്ളത്.
മൂന്നാര്‍
തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ കേന്ദ്രമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു.
വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്ബര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നോക്കാം.
ഇരവികുളം ഉദ്യാനം
മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുണ്ട്. മഞ്ഞു പുതപ്പിച്ച മലനിരകള്‍, തേയില തോട്ടങ്ങള്‍, എന്നിവ വശ്യമനോഹരമാക്കുന്ന ഈ പ്രദേശം ട്രക്കിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് പൂര്‍ണ്ണ സംതൃപ്തി പകരും. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്ബോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. 12 വര്‍ഷം കൂടുമ്ബോഴാണ് പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്. ഇതിന് മുമ്ബ് ഇങ്ങനെ മലനിറഞ്ഞ് കുറിഞ്ഞി പൂത്തത് 2006ലാണ്.
ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്.
മാട്ടുപെട്ടി
മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കി. മീ. അകലെയാണ് മാട്ടുപെട്ടി. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താം. ഇന്‍ഡോ-സ്വിസ് ലൈവ് സ്‌റ്റോക് പ്രൊജക്‌ട് എന്ന ഡയറി ഫാമാണ് മാട്ടുപെട്ടിയിലെ ശ്രദ്ധേയമായ മറ്റൊരു കേന്ദ്രം. അത്യുല്‍പാദനശേഷിയുള്ള ഒട്ടേറെ കന്നുകാലിയിനങ്ങള്‍ ഇവിടെയുണ്ട്. ചോല വനങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ്.
പള്ളിവാസല്‍
മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന പള്ളിവാസലിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി. പ്രകൃതി ഭംഗിയാലനുഗൃഹീതമായ പള്ളിവാസലിലും ധാരാളം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.
ആനയിറങ്ങല്‍
ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയില തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.
ടോപ്‌സ്റ്റേഷന്‍
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 3 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്‍. മൂന്നാര്‍ - കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.
തേയില മ്യൂസിയം
മൂന്നാര്‍ തോട്ടങ്ങളുടെ നാടാണ്. ഈ നാടിന്റെ പാരമ്ബര്യമായ തേയിക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലെ നല്ലത്താണി എസ്റ്റേറ്റിലുണ്ട്. ടാറ്റാ ടീ കമ്ബനിയാണ് ഈ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില ഉല്‍പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തിലുണ്ട്.
തേക്കടി
സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ - 1800 വരെ മീറ്റര്‍ ഉയരത്തിലാണ് തേക്കടിയും പരിസരവും. തേക്കടി എന്ന് കേട്ടാലുടന്‍ മനസ്സില്‍ വരുന്നത് സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ്.
തേക്കടിയിലെ വനപ്രദേശങ്ങള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതമാണ്. ജില്ലയിലെമ്ബാടുമായി വ്യാപിച്ചുകിടക്കുന്ന തേയില തോട്ടങ്ങളും കുന്നിന്‍പുറ പട്ടണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശങ്ങള്‍ ട്രക്കിംഗില്‍ താത്പര്യമുളളവരെ ഏറെ ആകര്‍ഷിക്കും.
വര്‍ക്കല
സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല. രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്്തിയുള്ള ശിവഗിരി മഠവും വര്‍ക്കലയ്ക്ക് തൊട്ടടുത്താണ്.
സാന്ത്വനം പകരുന്ന കടല്‍ക്കാറ്റിനൊപ്പം ധാതു സമ്ബന്നമായ നീരുറവകള്‍ വര്‍ക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു. ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.
ബീച്ചിന് സംരക്ഷണം നല്‍കുന്ന കുന്നിന്‍ മുകളിലാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണഗുരു (1856- 1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമസ്ഥാനമെന്ന നിലയില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്കെത്തുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നു.
ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഇവിടെ ലഭ്യമാണ്. നിരവധി മികച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ആയുര്‍വേദ മസാജ് സെന്ററുകളും വര്‍ക്കലയില്‍ ഉണ്ട്.
വയനാട്
2132 ചതുരശ്ര കി. മീ. സ്ഥലത്തായി പശ്ചിമഘട്ടപ്രദേശത്ത് പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സമ്ബന്നമാണ്. ഇന്നും ആധ്യനിക നാഗരികത കടന്നു ചെല്ലാത്ത ആദിവാസി ഗോത്രസമൂഹങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ ഇവിടെയാണ്. അമ്ബലവയലിനു സമീപം ഇടക്കല്‍ ഗുഹയിലുള്ള ശിലാചിത്രങ്ങള്‍ ചരിത്രാതീത കാലത്തു തന്നെ സമ്ബന്നമായ ഒരു സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകള്‍, സുഗന്ധ വ്യഞ്ജനതോട്ടങ്ങള്‍, വനങ്ങള്‍, സമ്ബന്നമായ സാംസ്‌കാരിക പാരമ്ബര്യം തുടങ്ങിയവയെല്ലാം വയനാടിനെ വ്യത്യസ്തമാക്കുന്നു. ഡക്കാണ്‍ പീഢ ഭൂമിയുടെ തെക്കേ അഗ്രത്താണ് വയനാടിന്റെ സ്ഥാനം ഭൗമ ശാസ്ത്രജ്ഞര്‍ അടയാളപ്പെടുത്തുന്നത്.
ചെമ്ബ്ര കൊടുമുടി
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2100 മീറ്റര്‍ ഉയരത്തില്‍ വയനാടിനു തെക്ക് മേപ്പാടിക്കു സമീപമാണ് ചെമ്ബ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്ബ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്ബ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും. കൊടുമുടിയുടെ മുകളില്‍ താമസിച്ചാല്‍ അവിസ്മരണീയമായ ഒരനുഭവമായിരിക്കും അത്.
ചെമ്ബ്രയില്‍ താമസ സൗകര്യം ആഗ്രഹിക്കുന്നവര്‍ കല്‍പ്പറ്റയിലുള്ള ജില്ലാ ടൂറിസം കൗണ്‍സില്‍ ഓഫിസുമായി ബന്ധപ്പെടുക.
നീലിമല
വയനാടിന്റെ തെക്കുകിഴക്കേ ഭാഗത്തു സ്ഥിതി ചെയ്യുന്ന നീലിമലയിലേക്ക് കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നോ എത്തിച്ചേരാം.
ട്രക്കിംഗിനുള്ള നിരവധി കാനന പാതകള്‍ ഇവിടെയുണ്ട്. നീലിമലയുടെ മുകളില്‍ നിന്നും മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.
മീന്‍മുട്ടി
നീലിമലയ്ക്കു തൊട്ടടുത്തായി കാണപ്പെടുന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയില്‍ നിന്ന് 2 കി.മീ ദൂരം മാത്രമേ ഉള്ളു. 300 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് താഴേക്കു പതിക്കുന്നത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് മീന്‍മുട്ടി.
ചെതലയം
വയനാടിന്റെ വടക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ ബത്തേരിക്ക് സമീപമാണ് ചെതലയം വെള്ളച്ചാട്ടം കാണപ്പെടുന്നത്. മീന്‍മുട്ടിയുമായി താരതമ്യപ്പെടുത്തിയാല്‍ ചെതലയം ചെറിയ വെള്ളച്ചാട്ടമാണ്. പക്ഷിനിരീക്ഷകരുടെയും ട്രക്കിംഗ് പ്രിയരുടെയും ഇഷ്ട സ്ഥലമാണ.് ചെതലയത്തിന്റെ പരിസര പ്രദേശങ്ങള്‍.
പക്ഷി പാതാളം
സമുദ്രനിരപ്പില്‍ നിന്ന് 1700 ലധികം മീറ്റര്‍ ഉയരത്തില്‍ ബ്രഹ്മഗിരി കുന്നുകളില്‍ വനത്തിനുള്ളിലാണ് പക്ഷിപാതാളം. ഭീമാകാരമായ പാറകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ നിരവധി ഗുഹകള്‍ കാണപ്പെടുന്നു. അപൂര്‍വ്വ പക്ഷി മൃഗാദികളും ചെടികളും നിറഞ്ഞ പക്ഷി പാതാളം മാനന്തവാടിക്കു സമീപമാണ്. തിരുനെല്ലിയില്‍ നിന്ന് നിബിഡ വനത്തിലൂടെ 7 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഇവിടെ എത്തിച്ചേരാനാകൂ. നോര്‍ത്ത് വയനാട് DFO യില്‍ നിന്ന് ഇതിനുള്ള പ്രത്യേക അനുമതിയും വാങ്ങണം.
ബാണാസുര സാഗര്‍ അണക്കെട്ട്
മണ്ണു കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് കരലാട് തടാകത്തിനു സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.അണക്കെട്ടിന്റെ റിസര്‍വോയറില്‍ നിരവധി ചെറുദ്വീപുകള്‍ കാണാം. ഇവിടെ നിന്ന് ബാണാസുര സാഗര്‍ മലയിലേക്ക് ട്രക്കിംഗ് നടത്താവുന്നതാണ്.
വയനാടിന്റെ ഗന്ധവും ശബ്ദവും ആസ്വദിച്ചു കഴിഞ്ഞാല്‍ ഇവിടെ നിന്ന് തനിമയാര്‍ന്ന എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാനാവില്ല. കാപ്പി, തേയില, സുഗന്ധ ദ്രവ്യങ്ങള്‍, തേന്‍, മുള ഉല്‍പ്പന്നങ്ങള്‍, ഔഷധച്ചെടികള്‍ അങ്ങനെ പലതും ഇവിടെ നിന്ന് വാങ്ങാവുന്നതാണ്.
വാഗമണ്‍
ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്ബ്രദേശം ആണ് വാഗമണ്‍. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 28 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.
പശ്ചിമഘട്ടത്തിന്റെ അതിരില്‍ സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനല്‍ക്കാല പകല്‍ താപനില 10 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മഞ്ഞ്, ഷോളമലകള്‍, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈന്‍ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്. ഇവിടങ്ങളിലെ മലമ്ബാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമണ്‍ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു. തങ്ങള്‍ മല, മുരുകന്‍ മല, കുരിശുമല എന്നീ മൂന്നു മലകളാല്‍ വാഗമണ്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീര്‍ത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.
പാലായില്‍ നിന്നും വാഗമണ്ണിലേയ്ക്കുള്ള വഴി ഒരു വിദൂര കാഴ്ച ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്ബാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയില്‍ വെള്ളികുളം മുതല്‍ വഴിക്കടവ് വരെ ആറുകിലോമീറ്റര്‍ ദൂരം പാറക്കെട്ടുകളില്‍ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണില്‍ എത്തുക.
കോഴിക്കോട്
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്ബന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. അറബികളും തുര്‍ക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയര്‍‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവില്‍ വന്നത്. 28,79,131 ച കി,മീറ്റര്‍ വിസ്തൃതിയുള്ള ജില്ലയില്‍ വടകര, കൊയിലാണ്ടി,താമരശ്ശേരി,കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകള്‍ ഉണ്ട്.
റീജണല്‍ സയന്‍സ് സെന്റര്‍ & പ്ലാനെറ്റേറിയം,മാനാഞ്ചിറ സ്ക്വയര്‍,പഴശ്ശിരാജ മ്യൂസിയം,കോഴിക്കോട് ബീച്ച്‌
ബേപ്പൂര്‍ തുറമുഖം, കാപ്പാട് ബീച്ച്‌,മറൈന്‍ അക്വേറിയം,സരോവരം പാര്‍ക്ക്, കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ മെമോറിയല്‍, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് .
അതിരപ്പിള്ളി വെള്ളച്ചാട്ടം
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര മേഖലയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം . അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ് .
വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികള്‍ കൂടുതലായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു . അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍ വെള്ളച്ചാട്ടം എന്നിവ കാണാം.
അതിരപ്പള്ളി ജലപാതത്തിന് ഇരു പാര്‍ശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്ബത്തിന്റെ കലവറയാണ്. ഇരുള്‍, ഇലവ്, വെണ്‍തേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. വേഴാമ്ബല്‍, വാനമ്ബാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. കാടര്‍, മലയര്‍, തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ ഇവിടത്തെ വനങ്ങളില്‍ നിവസിക്കുന്നു.
പൊന്മുടി
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്ബ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടല്‍ മഞ്ഞും ഉള്ളതാണ്.
പൊന്മുടിയിലെ തേയിലത്തോട്ടങ്ങള്‍ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയില്‍ നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.
പൊന്മുടിക്ക് സമീപത്തായി കാടിനുള്ളില്‍ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനില്‍ക്കുന്ന ഗോള്‍ഡന്‍ വാലിയും ആകര്‍ഷണമാണ്. കല്ലാര്‍ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളന്‍ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാര്‍ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. 2000 അടി ഉയരത്തില്‍ നില്‍ക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകര്‍ഷണം. മീന്‍‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകര്‍ഷണമാണ്. സമീപത്തായി ബ്രൈമൂര്‍, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.
ആലപ്പുഴ
ബേക്കല്‍
ഫോര്‍ട്ട് കൊച്ചി
കോവളം
കുമരകം
കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വാട്ടര്‍സ്‌കേപ്‌സില്‍ തെങ്ങിന്‍ തോ്പ്പുകളുടെ ഇടയിലുള്ള കോട്ടേജുകളാണുള്ളത്.
മൂന്നാര്‍
ഇരവികുളം ഉദ്യാനം
ആനമുടി
മാട്ടുപെട്ടി
പള്ളിവാസല്‍
ആനയിറങ്ങല്‍
ടോപ്‌സ്റ്റേഷന്‍
തേയില മ്യൂസിയം
തേക്കടി
വര്‍ക്കല
വയനാട്
ചെമ്ബ്ര കൊടുമുടി
നീലിമല
മീന്‍മുട്ടി
ചെതലയം
പക്ഷി പാതാളം
ബാണാസുര സാഗര്‍ അണക്കെട്ട്
വാഗമണ്‍
കോഴിക്കോട്
അതിരപ്പിള്ളി വെള്ളച്ചാട്ടം
പൊന്മുടി

Post a Comment

0 Comments

ആദിവാസി യുവതിയുടെ ദുരൂഹ മരണം; കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.