Header Ads Widget

പാലത്തിലെ കുഴികളും നിയന്ത്രണമില്ലാത്ത ഭാരവാഹനങ്ങളും - ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞു ഇരിട്ടി നഗരം



ഇരിട്ടി: ടാറിംഗ് മുഴുവൻ ഇളകി ഇരിട്ടി പാലത്തിന്റെ മുകൾഭാഗത്ത് രൂപപ്പെട്ട കുഴികളും, ഒരു നിയന്ത്രണവുമില്ലാതെ ഓടുന്ന കല്ല് ലോറികൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളും, നഗരത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും മൂലം ഗതാഗതക്കുരുക്കിൽ അമർന്ന് ഇരിട്ടി പട്ടണം. നിരന്തരം രൂപപ്പെടുന്ന ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന ജനങ്ങളുടെ ബുദ്ധിമുട്ടിനും പ്രശ്നങ്ങൾക്കും പരിഹാരം കാണാതെ കണ്ണടിച്ചിരിക്കുകയാണ് അധികൃതർ.
1933 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഇപ്പോഴുള്ള ഇരിട്ടി പാലം. പാലാരിവട്ടം പാലം പോലെ നിർമ്മിച്ച് മാസങ്ങൾ കൊണ്ട് തകരുന്ന പുതിയ കാലത്തിന്റെ പാലങ്ങൾക്കു മുന്നിൽ ഒൻപത് പതിറ്റാണ്ട് പിന്നിടാനൊരുങ്ങുന്ന ഇരിട്ടി പാലം ഒരത്ഭുതമായി നിലനിൽക്കുന്നു. അടുത്തകാലം വരെ വർഷാവർഷം അറ്റകുറ്റപ്പണികൾ നടത്തി ഈ പാലം സംരക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ തലശേരി - വളവുപാറ റോഡ് പുനർ നിർമ്മാണം തുടങ്ങുകയും മൂന്ന് വർഷത്തിലേറെയായി പുതിയ പാലത്തിന്റെ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തതോടെ ഇരിട്ടി പാലം അവഗണിക്കപ്പെട്ടു. അതോടെ യാതൊരു വിധത്തിലുള്ള അറ്റകുറ്റപ്പണിയും നടത്താതെ പാലം തകർച്ചയിലേക്ക് നീങ്ങുകയാണ്. പുതിയ പാലം കമ്മീഷൻ ചെയ്യുന്നതിന് മുൻപ് തന്നെ ഈ പാലം തകരുമോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത് .
ഏതു കുത്തൊഴുക്കിലും വെള്ളപ്പൊക്കത്തിലും തകരാത്ത വിധം കരിങ്കല്ലുകൾ അടുക്കി നിർമ്മിച്ച കൂറ്റൻ കരിങ്കൽ തൂണുകളിൽ ഭീമൻ ഇരുമ്പ് ഗാർഡറുകൾ സ്ഥാപിച്ചു് മേൽത്തട്ടിലെ മേലാപ്പിൽ പാലത്തിന്റെ ഭാരം മുഴുവൻ താങ്ങുന്ന സാങ്കേതിക വിദ്യയിലാണ് ബ്രിട്ടീഷുകാർ ഈ പാലം നിർമിച്ചിരിക്കുന്നത് . എന്നാൽ വര്ഷങ്ങളായി അറ്റകുറ്റപ്പണികളും പെയിന്റിങ്ങും മറ്റും ചെയ്യാത്തത് മൂലം പാലത്തിന്റെ ഇരുമ്പ് ഗർഡറുകൾ മുഴുവൻ തുരുമ്പെടുത്ത് നശിച്ചു തുടങ്ങി. നിരന്തരം വലിയ ചരക്കുവാഹനങ്ങൾ ഇടിച്ചു പാലത്തിന്റെ ഭാരം താങ്ങി നിർത്തുന്ന ഇതിന്റെ മേലാപ്പിലെ പല ഇരുമ്പ് ദണ്ഡുകളും പൊട്ടുകയും, വളയുകയും സ്ഥാനം തെറ്റുകയും ചെയ്തു. പാലത്തിന്റെ മുകൾ ഭാഗത്തെ ടാറിങ്ങും , കോൺക്രീറ്റും ഇളകിപ്പോയതിനാൽ വൻ ഗർത്തങ്ങളാണ് പാലത്തിൽ രൂപപ്പെട്ടിരിക്കുന്നത്. മഴപെയ്യുമ്പോൾ പാലത്തിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനായി സ്ഥാപിച്ച സംവിധാനം മുഴുവൻ ചെളിനിറയുകയും അടഞ്ഞു പോവുകയും ചെയ്തു. ഇതുമൂലം പാലത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകളും പാലം തകർച്ചക്ക് ആക്കം കൂട്ടുന്നു. പാലത്തിൽ 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്ക് മുൻപ് നിയന്ത്രം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ ഒരു നിയന്ത്രണവുമില്ലാതെയാണ് രാവും പകലുമെന്നില്ലാതെ ഇതിലും എത്രയോ ഇരട്ടി ഭാരം കയറ്റിയ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത് . ഇതും പാലത്തെ തകർച്ചയിലേക്ക് തള്ളിവിടുന്നു .
ഇരിട്ടി നഗരത്തിൽ രൂപപ്പെടുന്ന വാഹനക്കുറുക്കിന് പ്രധാന കാരണമാകുന്നത് പാലത്തിന്റെ ഇന്നത്തെ അപകടാവസ്ഥ തന്നെയാണ്. വലിയ ഒരു വാഹനത്തിനു മാത്രം കടന്നുപോകാനുള്ള വീതി മാത്രമേ എട്ട് പതിറ്റാണ്ടു മുൻപ് പണിത ഈ പാലത്തിനുള്ളൂ. പാലത്തിൽ രൂപപ്പെട്ട വൻ കുഴികൾ മൂലം പാലത്തിലൂടെ വേഗത കുറച്ച് ഇഴഞ്ഞു നീങ്ങുവാൻ മാത്രമേ വാഹനങ്ങൾക്ക് കഴിയുന്നുള്ളു. കുഴികളിലൂടെ ചാടിച്ചു പോകുന്ന ചില വാഹനങ്ങൾ പാലത്തിൽ കുരുങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.
എന്നാൽ തങ്ങൾ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ ഇരിക്കുകയാണ് ഇതിന് ഏതാനും വാര അകലത്ത് മാത്രം ഇരിക്കുന്ന പൊതുമരാമത്ത് വിഭാഗം അധികൃതർ . അവർ തങ്ങളുടെ ആസ്ഥാനത്തേക്ക് ലക്ഷങ്ങൾ മുടക്കി കൂറ്റൻ കവാടം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ. കണ്ണുള്ളവർക്ക് ഇവിടെ കാണാൻ പലതുമുണ്ട് . എന്നാൽ കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവരോട് എന്ത് പറയാനാണ്. അവർക്ക് ജനങളുടെ ദുരിതം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു.
എത്രയും പെട്ടെന്ന് നമ്മുടെ പൈതൃക മെന്നവണ്ണം സംരക്ഷിക്കേണ്ട ഈ ഇരിട്ടി പാലം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. പാലത്തിൽ ടാറിങ്ങോ കോൺക്രീറ്റോ ചെയ്ത് വാഹനങ്ങളുടെ സുഗമമായ പോക്കുവരവിന് വഴിയൊരുക്കണം . ചെങ്കൽ ലോറികളും, ടോറസ് വാഹനങ്ങളും അടക്കം വലിയ ഭാരവാഹനങ്ങളും മറ്റും ഇതുവഴി കടന്നുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം. പാലത്തിന്റെ ഇരു ഭാഗങ്ങളിലും ടൗണിലും പോലീസിന്റെ നേതൃത്വത്തിലുള്ള വാഹന നിയന്ത്രണ സംവിധാനം ഉണ്ടാകണം. ഇത്രയുമായാൽത്തന്നെ ഇരിട്ടി പട്ടണത്തെ ഇന്നത്തെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷിക്കാനാകും. ഇത്തരം സംവിധാനം ഒരുക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളും ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ. അതിനുള്ള ഇച്ഛാശക്തി അധികൃതർ കാണിച്ചേ മതിയാകൂ.
 

Post a Comment

0 Comments

ആദിവാസി യുവതിയുടെ ദുരൂഹ മരണം; കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.